2020 നിങ്ങൾക്ക് എങ്ങനെ?

Share this :

ഏതൊരാൾക്കും ചാരവശാൽ വ്യാഴവും ശനിയും സൂര്യനും അനുകൂലമായി വരികയും ഒപ്പം ദശാപഹാരകാലവും അനുകൂലമാണെങ്കിൽ അവർക്ക് അത്യുന്നതി ലഭിക്കുകതന്നെ ചെയ്യും. എന്നാൽ ഇവയൊക്കെയും പിഴച്ചുനിന്നാൽ കാലം വളരെ മോശമാകുന്ന അവസ്‌ഥയും സംജാതമാകും. ആഴഫലം, മാസഫലം, വർഷഫലം, വിഷുഫലം എന്നിവയൊക്കെ വായിച്ചുമനസ്സിലാക്കുമ്പോൾ മുകളിൽ എഴുതിയവയും മനസ്സിലുണ്ടായിരിക്കണമെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകമായി ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.

ഓരോ നക്ഷത്രക്കാർക്കും 2020 പൊതുവെ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. നിങ്ങളുടെ നിത്യജപത്തിനുള്ള അതിപ്രധാന മന്ത്രങ്ങൾക്ക് ഉത്തരായുടെ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും: https://uthara.in/manthram/

അശ്വതി:

ഉത്തമഫലങ്ങൾ വർഷാവസാനംവരെയുണ്ടാകും. സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നവർക്ക് വർഷാവസാനം വരെ വളരെ നല്ലകാലമാകുന്നു. എന്നാൽ തൊഴിൽപരമായി വളരെയേറെ ക്ലേശങ്ങൾ സംഭവിക്കുകയും ചെയ്യും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അല്പം പ്രയാസമായിരിക്കും. തൊഴിൽ അന്വേഷിക്കുന്നവർ ശാസ്താവിന് ഭാഗ്യസൂക്താർച്ചന നക്ഷത്രദിവസങ്ങളിൽ ചെയ്ത് പ്രാർത്ഥിക്കുന്നത് നല്ലതായിരിക്കും. സന്താനങ്ങളുടെ കാര്യത്തിൽ വ്യാകുലതകൾ ഉണ്ടായേക്കാമെങ്കിലും അവർക്ക് കാലം പൊതുവെ അനുകൂലവുമായിരിക്കും. വിദ്യാർത്ഥികൾക്ക് ശുഭപ്രദമായിരിക്കും. എന്നാൽ സെപ്റ്റംബർ മാസംവരെ നിർഭാഗ്യത, പിതൃസ്‌ഥാനീയരുടെ വിഷമതകൾ എന്നിവയും നിങ്ങളെ പൊതുവെ ബുദ്ധിമുട്ടിക്കാൻ സാദ്ധ്യതകൂടുതലാണ്.

കൂട്ടുകെട്ടുകൾ ഉത്തമമായ നിലയിലെത്തിക്കും. ആദ്യമാസങ്ങളിലെ അലച്ചിൽ സെപ്റ്റബർ മാസത്തോടെ നിങ്ങളെ അത്യുന്നതിയിലെത്തിക്കും. ഇഷ്ടവിവാഹത്തിന് കളമൊരുങ്ങും. കുടുംബത്ത് മംഗളകർമ്മങ്ങൾക്ക് യോഗം. പൊതുവെ ഇവർക്ക് 2020 ദോഷമില്ലാതെ കടന്നുപോകും.

ഭരണി:

കാലങ്ങളായി നിലനിന്ന മാനസികപിരിമുറുക്കം കുറയും. മുന്നിട്ടിറങ്ങിയ പല പദ്ധതികളും വിജയത്തിലെത്തിക്കും. കുടുംബത്തുനിന്നും സകലവിധ ആനുകൂല്യവും ധനവും ലഭിക്കും. വളരെ വലിയ ഉത്തരവാദിത്വമുള്ള തൊഴിലുകൾ ആരംഭിക്കുകയും അവ വിജയിപ്പിക്കുകയും ചെയ്യും. സന്താനങ്ങളെക്കൊണ്ട് സന്തോഷവും അഭിമാനവുമുണ്ടാകും. ഏറ്റവുമടുത്ത ബന്ധുവിന് വിദേശയാത്രയും അതുവഴി ധനവും ലഭിക്കും. വിശ്വസ്തരായ പരിചാരകരെ ലഭിക്കും. വിവിധങ്ങളായ തൊഴിലുളകളിൽ നിന്നും ധനം ലഭിക്കും. വർഷാവസാനം മോശമായ സ്‌ഥിതിയുണ്ടാകും. വിദ്യാർത്ഥികൾക്കും കാലം അനുകൂലമായിരിക്കും. ഉന്നതവിജയം, അവാർഡ് എന്നിവയ്ക്ക് യോഗമുണ്ട്. പിതൃസ്‌ഥാനീയരുടെ രോഗാവസ്‌ഥ നീങ്ങാൻ കുടുംബക്ഷേത്രത്തിൽ പട്ടും പൂമാലയും വിളക്കിനെണ്ണയും നൽകി പ്രാർത്ഥിക്കുന്നത് ഉത്തമം. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. 2020 ഇവർക്ക് പൊതുവെ ഉത്തമമായി അനുഭപ്പെടും.

കാർത്തിക:

കുടുംബത്ത് പുതിയ അതിഥി വരാൻ സാദ്ധ്യത കൂടുതലാണ്. പൊതുസമൂഹവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർക്ക് അത്യുന്നതിയുണ്ടാകും. വിവാഹം പോലുള്ള മംഗളകർമ്മങ്ങൾക്ക് അനുകൂലമായ വർഷം. ഭൂമി വാങ്ങാനും നിർമ്മാണപ്രവർത്തനങ്ങൾക്കും അനുകൂലമായ വർഷമായിരിക്കും. എല്ലിനോ പല്ലിനോ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കണം. ആശുപത്രിവാസമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഈ വർഷം ഗുണദോഷസമ്മിശ്രമായിരിക്കും. സെപ്തംബർ മാസത്തോടെ തലവേദനപോലുള്ള രോഗങ്ങൾക്ക് സാദ്ധ്യത. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സൈനിക-അർദ്ധസൈനിക തൊഴിലുകളിൽ നിന്നും ശുഭവാർത്ത. ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ലഭിക്കുന്നതാണ്. ഇവർക്ക് 2020 പൊതുവെ ഗുണദോഷസമ്മിശ്രമായിരിക്കും.

രോഹിണി:

രോഗങ്ങൾക്ക് ശമനം ലഭിക്കും. പിതൃസ്‌ഥാനീയർക്ക് കാലം അനുകൂലമായിരിക്കില്ല. തൊഴിൽപരമായി പൊതുവെ അലച്ചിൽ കൂടുതലായിരിക്കും. മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കഠിനാദ്ധ്വാനികൾക്ക് അർഹമായ സ്‌ഥാനം ലഭിക്കും. ജോലിയിൽ ഉയർച്ചയോ ശമ്പളവർദ്ധനയോ ലഭിക്കും. കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കുന്നതായി തോന്നിത്തുടങ്ങും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികൂലമായ അനുഭവങ്ങൾക്കും യോഗം കാണുന്നു. എന്നാൽ നവംബർ മുതൽ ഇപ്പോഴുള്ളതിനേക്കാൾ ഏറ്റവും ഉന്നതമായ സ്‌ഥിതിയും ലഭിക്കുകയും ചെയ്യുന്നതാണ്. കൂട്ടുകെട്ടുകൾ പരമാവധി ശ്രദ്ധിക്കണം. മോശമായ ബന്ധങ്ങളിൽ നിന്നും രക്ഷനേടാൻ കുടുംബത്ത് മനസ്സുതുറന്ന ചർച്ച നടത്തേണ്ടതായി വരുന്നതാണ്. എന്നിരിക്കിലും കുടുംബത്ത് സന്തോഷം കുറയുകയുമില്ല. ഇവർക്ക് 2020 പൊതുവെ മോശമായി അനുഭവപ്പെടും.

മകയിരം:

ഭൂമിയുമായി ബന്ധപ്പെട്ട തൊഴിലുകളിൽനിന്നും ആദായം ലഭിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, കാർഷിക പ്രവൃത്തികൾ എന്നിവ ഗുണപ്രദമായിരിക്കും. ഇവർക്ക് മിക്കപ്പോഴും രോഗാദിക്ലേശങ്ങൾക്കും ആശുപത്രിവാസത്തിനും സാദ്ധ്യതയുണ്ട്. സന്തോഷപ്രദമായ കാലമായിരിക്കും. ദാമ്പത്യസുഖമുണ്ടാകും. ധനപരമായ കാര്യങ്ങളിൽ ജീവിതപങ്കാളിയുമായി യോജിച്ച് തീരുമാനമെടുക്കുന്നത് ഉത്തമം  ആയിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഈ വർഷം ഉത്തമം ആയിരിക്കും. വിദ്യാർത്ഥികൾക്ക് നല്ല ഉപദേശങ്ങൾ നൽകി പഠിപ്പിക്കേണ്ടതായിവരും. എന്നിരിക്കിലും അവർ ദുരിതങ്ങൾ നൽകുകയില്ല. പെൻഷൻ, പലിശ എന്നിങ്ങനെയുള്ള ധനാഗമം ഉണ്ടാകും. ഇവർക്ക് 2020 പൊതുവെ ഗുണപ്രദമായി അനുഭവപ്പെടും

തിരുവാതിര:

മുടങ്ങിക്കിടന്ന വിദേശയാത്ര സാഫല്യത്തിലാകും. കുടുംബത്ത് ശാന്തിയും സമാധാനവും ലഭിക്കും. ധനം പെരുകും. പുത്തൻ സംരംഭങ്ങൾ ആരംഭിക്കും. ദൂരസ്‌ഥലങ്ങൾ സന്ദർശിക്കും. ദീർഘകാലമായി അനുഭവിച്ച കഷ്ടതകൾക്ക് ശമനമുണ്ടാകും. പിതൃസ്‌ഥാനീയർക്ക് രോഗാദിക്ലേശങ്ങൾക്ക് സാദ്ധ്യത യുണ്ട്. സൗഹൃദങ്ങൾ കുറയും. നിർമ്മാണവുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കും. വിദ്യാഭ്യാസം ഉന്നതിയിലെത്തും. വിദേശത്ത് ബിരുദപഠനത്തിന് സാദ്ധ്യതയുണ്ടാക്കും. ത്വക്ക് സംബന്ധമായ രോഗങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ഈ വർഷമാണ് ഇവർക്ക് ഏറ്റവും ഗുണപ്രദമായിത്തീരുന്നത്.  2020 ഇവർക്ക് പൊതുവെ അനുകൂലമായിരിക്കും. എന്നിരിക്കിലും അടുത്തുള്ള സർപ്പക്കാവിൽ മാസത്തിലൊരു ഞായറാഴ്ച വൈകിട്ട് രാഹുകാലസമയത്ത് തിരിതെളിച്ച് പ്രാർത്ഥിക്കണം.

പുണർതം:

ശത്രുദോഷങ്ങൾ ഇല്ലാതെയിരുന്നാൽ പൊതുവെ അനുകൂലമായ വർഷമായിരിക്കും. ധനപരമായ കാര്യങ്ങളിൽ സന്തോഷം. ശമ്പളവർദ്ധന, പ്രമോഷൻ തുടങ്ങിയവയ്ക്ക് സാദ്ധ്യത. വർഷാവസാനം പൊതുവെ മോശമായിരിക്കും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം. വിദേശയാത്ര സഫലമാകും. പഠനമികവ് കൂടും. കുടുംബത്ത് സുഖകരമായ അവസ്‌ഥ സംജാതമാകും. നിരവധി വർഷങ്ങളായി കാത്തിരുന്ന കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തും. ഉന്നതാധികാരികളിൽ നിന്നും അവാർഡ് പോലുള്ളവ ലഭിക്കും. പിതൃസ്‌ഥാനീയർക്ക് പക്ഷെ കാലം അനുകൂലമായിരിക്കില്ല. ദോഷപരിഹാരമായി ശാസ്താവിന് ഒരുവർഷക്കാലം ഭാഗ്യസൂക്താർച്ചന ചെയ്ത് പ്രാർത്ഥിക്കണം.

പൂയം:

തൊഴിൽപരമായി മെച്ചവും ദാമ്പത്യപരമായി കഷ്ടതകളും അനുഭവിക്കേണ്ടിവരും. ശത്രുക്കളുടെ എണ്ണം പെരുകും. വയർ സംബന്ധമായി ആശുപത്രിവാസവും ചിലപ്പോൾ ശസ്ത്രക്രിയകളും വേണ്ടിവന്നേക്കും. ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് പലവിധമായ വിഷമതകളും ഉണ്ടാകാം. എന്നാൽ അതിനെയൊക്കെ സർവ്വേശ്വരൻ അത്ഭുതകരമായി രക്ഷിച്ചെടുക്കുന്നതും കാണാൻ സാധിക്കും. ആകയാൽ പ്രത്യേക ശാസ്താപ്രാർത്ഥന അത്യാവശ്യമാകുന്നു. കലാപരമായി പ്രവർത്തിക്കുന്നവർക്ക് ഈ വർഷം നല്ല ഫലം നൽകും. വിവാഹം നടക്കും. കുടുംബത്ത് മറ്റ് സന്തോഷപ്രദമായ ചടങ്ങുകളും നടക്കുന്നതാണ്. ആദ്യത്തെ വിദേശയാത്ര, പുത്തൻ സംരംഭങ്ങൾ എന്നിവ പ്രതികൂലമായി ഭവിക്കുന്നതായിരിക്കും. 2020 ഇവർക്ക് പൊതുവെ ദോഷപ്രദമായിരിക്കും. ദോഷപരിഹാരമായി നരസിംഹസ്വാമി ക്ഷേത്രത്തിൽ പാനകനിവേദ്യവും ശാസ്താവിന് നീരാജനവും നൽകി പ്രാർത്ഥിക്കണം.

ആയില്യം:

തൊഴിലും തൊഴിൽസ്‌ഥലവും തീരാതലവേദന നൽകുന്നതായി തോന്നും. വർഷാവസാനം വരെയും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന തരത്തിൽ ദുരിതവും ക്ലേശവും കൂടെയുണ്ടാകും. ശത്രുക്കളുടെ എണ്ണം കൂടും. എന്നാൽ നിശ്ചയം,  വിവാഹം, സത്സന്താനഭാഗ്യം, ഗൃഹനിർമ്മാണമോ ഗൃഹപ്രവേശമോ എന്നിവയ്ക്ക് യോഗവുമുണ്ടാകും. കളത്രത്തെ പിരിഞ്ഞിരിക്കേണ്ടതായ അവസ്‌ഥയും അനുഭവത്തിൽ വരും. ദാമ്പത്യപരമായി പിണക്കവും പ്രശ്നങ്ങളും ഉടലെടുക്കും. ബന്ധുമിത്രാദികൾ തള്ളിപ്പറയാതിരിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടിവരും. എന്നിരിക്കിലും ബന്ധുക്കൾ വഴി സഹായത്തിന് ശ്രമിക്കും. പിതൃധനം ലഭിക്കാൻ ന്യായം കാണുന്നു. സന്താനങ്ങളുടെ കാര്യത്തിൽ അമിതമായ ഉത്കണ്ഠയ്ക്ക് സാദ്ധ്യത. ആദ്യവർഷത്തിൽ ശരീരത്ത് മുറിവേൽക്കാൻ സാദ്ധ്യതയുണ്ട്. സൂക്ഷിക്കണം. വിദേശംവഴി ധനാഗമത്തിന് യോഗം. 2020 പൊതുവെ മോശമായിരിക്കും. ദോഷപരിഹാരമായി മഹാവിഷ്ണുഭജനം, ശാസ്താഭജനം എന്നിവ അനുഷ്ഠിക്കണം.

മകം:

ഏറ്റവും മികച്ച ഫലങ്ങൾ ലഭിക്കുന്ന വർഷമായിരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം പ്രതീക്ഷിക്കാവുന്നതാണ്. തൊഴിൽ അന്വേഷിക്കുന്നവർക്ക് അതിനുള്ള ഭാഗ്യവും ലഭിക്കും. പരീക്ഷകളിൽ ഉന്നതവിജയം കരസ്‌ഥമാക്കും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം. കുടുംബത്ത് ശാന്തിയും സമാധാനവും ലഭിക്കും. ദേശത്തിനുപുറത്ത് വസ്തുവകകൾ വാങ്ങുകയോ താമസിക്കുകയോ ചെയ്യുന്നതാണ്. വിദേശയാത്രകൊണ്ട് ഗുണം ലഭിക്കും. ചെയ്യുന്ന പ്രവൃത്തികളിൽ വിജയംവരിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. 2020 ഇവർക്ക് പൊതുവെ ഗുണപ്രദമായിരിക്കും.

പൂരം:

പുതുപുത്തൻ സംരംഭങ്ങളിൽ ആകൃഷ്ടരാകും. അവിടെനിന്ന് ലാഭവും ലഭിച്ചുതുടങ്ങും.ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ മറിഞ്ഞുവീഴാതെ ശ്രദ്ധിക്കണം. കലാപരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ഈ വർഷം പൊതുവെ അനുകൂലമായിരിക്കും. മുടങ്ങിക്കിടന്ന പല പദ്ധതികളും വിജയത്തിലെത്തിക്കും. ഗൃഹനിർമ്മാണം പുനഃരാരംഭിക്കും. വിവാഹസംബന്ധമായും അനുകൂല തീരുമാനമുണ്ടാകും. ഇഷ്ടജനങ്ങളെ ലഭിക്കുന്നതാണ്. എന്നാൽ കുടുംബവുമായി അകൽച്ചയിലാകാനും സാദ്ധ്യതയുണ്ട്. വർഷാവസാനം പൊതുവെ ദോഷപ്രദമായി അനുഭവത്തിൽ വരുന്നതായിരിയ്ക്കും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. എന്നിരിക്കിലും 2020 ഇവർക്ക് പൊതുവെ അനുകൂലമായിരിക്കും.

ഉത്രം:

കാലം ഗുണദോഷസമ്മിശ്രമായിരിക്കും. കുടുംബത്ത് പലവിധമായ തർക്കങ്ങളും പിണക്കങ്ങളും സംഭവിക്കും. സന്താനങ്ങൾക്ക് അത്യധികമായ ചെലവുകൾ സംഭവിക്കും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയമുണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികൂലമായ തീരുമാനമുണ്ടാകും. എന്നാൽ കുടുംബത്തുനിന്നും പലർക്കും വിദേശയാത്രയും ഫലത്തിൽവരുന്നതാണ്. ധനപരമായ കാര്യങ്ങളിൽ വിഷമിക്കേണ്ടിവരുന്നതല്ല. മാതൃസ്‌ഥാനീയർക്ക് പ്രതികൂലമായിരിക്കും. പുത്തൻ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുകയും വിദഗ്ദ്ധാഭിപ്രായം തേടേണ്ടതുമാണ്. ഉത്രം ചിങ്ങക്കൂറുകാർക്ക് പക്ഷെ, ഈ വർഷം അത്യുത്തമം ആയിരിക്കുമെന്ന് എടുത്ത് പറയേണ്ടതാണ്. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. ഉത്രം നക്ഷത്രക്കാർ ശാസ്താപ്രീതികർമ്മങ്ങൾ മാത്രം അനുഷ്ഠിച്ചാൽ മതിയാകും.

അത്തം:

ഇവർക്ക് ഈ വർഷം പൊതുവെ മോശമായിരിക്കും. കുടുംബത്ത് പലവിധമായ വഴക്കുകൾക്കും സാദ്ധ്യതയുണ്ട്. മാതൃസ്‌ഥാനീയർക്കും പിതൃസ്‌ഥാനീയർക്കും സ്ഥിതി അനുകൂലമായിരിക്കില്ല. എന്നാൽ തൊഴിൽപരമായി നേട്ടങ്ങൾക്ക് സാദ്ധ്യതയുമുണ്ട്. പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ അത്യധികമായ ഉത്ക്കണ്ഠയുണ്ടായിരിക്കും. വർഷത്തിന്റെ പകുതി കഴിയുമ്പോൾ കാലിന് വേദനയും ചികിത്സയും വേണ്ടിവന്നേക്കും. എന്നാൽ വർഷത്തിന്റെ അവസാനം കാര്യങ്ങൾ അനുകൂലമാകുന്ന സ്‌ഥിതിയിലെത്തും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സന്തോഷവാർത്തയ്ക്ക് യോഗം. വിദ്യാർത്ഥികൾക്ക് വൈഷ്ണവ ക്ഷേത്രത്തിൽ വിദ്യാരാജഗോപാലാർച്ചന ചെയ്തും ശിവക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി മന്ത്രാർച്ചനയും യഥാശക്തി ചെയ്ത് പ്രാർത്ഥിക്കണം. തൊഴിൽ അന്വേഷിക്കുന്നവർ സ്ഥിരമായി മൂന്ന് നേരം ഗായത്രീമന്ത്രവും മഹാഗണപതിമന്ത്രവും ജപിക്കേണ്ടതാണ്. മന്ത്രങ്ങൾക്ക് ഈ ലിങ്ക് സന്ദർശിച്ചാൽ മതി: https://uthara.in/manthram/

ചിത്തിര:

എവിടെയും തടസ്സങ്ങൾ മാത്രം സംഭവിക്കുന്നതായി തോന്നും. പുതിയ താമസസ്‌ഥലം ഇഷ്ടപ്പെടും. അപ്രതീക്ഷിതമായി സഹായങ്ങൾ ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കും. ശാരീരിക അസ്വസ്‌ഥതകൾ നീങ്ങും. സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനിക്കുന്ന കാര്യങ്ങൾ ഫലത്തിൽവരും. യാതൊരു ഫലവുമില്ലാത്തവരുമായുള്ള ചങ്ങാത്തം ദൂരവ്യാപകമായ ദോഷമുണ്ടാക്കും. ആകയാൽ അവരെയൊക്കെ ദൂരെനിർത്താൻ ശ്രമിക്കണം. മുഖം, കണ്ണുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആശുപത്രിവാസമുണ്ടാകാം. വിദ്യാഭ്യാസം, തൊഴിൽ വിജയം എന്നിവയുണ്ടാകും. കുടുംബസമാധാനം ഇല്ലാത്ത അവസ്‌ഥയുണ്ടാകാൻ ന്യായമുണ്ട്. ദോഷപരിഹാരമായി ഭദ്രകാളിക്ക് കാളീസൂക്തപുഷ്‌പാഞ്‌ജലിയും മുരുകന് കുമാരസൂക്തപുഷ്‌പാഞ്ജലിയും ചെയ്ത് പ്രാർത്ഥിക്കണം.

ചോതി:

കുടുംബത്ത് ഒന്നിലധികം അംഗങ്ങൾക്ക് പുത്തൻ തൊഴിൽ ഭാഗ്യം. വിദേശയാത്രാഗുണവും ലഭിക്കും. വാഹനവുമായി ബന്ധപ്പെട്ട് കഷ്ടനഷ്ടങ്ങൾക്ക് സാദ്ധ്യത. മാതൃസ്‌ഥാനീയർക്ക് കാലം അനുകൂലമല്ല. മെയ്-ജൂൺ മാസങ്ങളിൽ പിതൃസ്‌ഥാനീയർക്കും കാലം പ്രതികൂലം. ഇവർക്ക് തൊഴിൽപരമായി കാലം അനുകൂലമായിരിക്കും. വ്യാപാരങ്ങൾ ഉന്നതമായ നിലയിലെത്തും. ധനമുണ്ടാകും. എന്നാൽ അതിന് അനുസരിച്ച് ശത്രുക്കളും കൂടും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പറ്റിയ വർഷമല്ല. സകുടുംബം വിദേശയാത്രയ്ക്ക് യോഗം. 2020 പൊതുവെ ഗുണദോഷസമ്മിശ്രമായിരിക്കും.

വിശാഖം:

വീടിന് അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതായി വരും. ഭൂമി വിൽപ്പനയുണ്ടാകും. സകുടുംബം നിരവധി ക്ഷേത്രദർശനമുണ്ടാകും. പണം ധാരാളമായി ഒഴുകിപ്പോകും. കൂടെനിന്നവർ പ്രത്യേക അകലം പാലിക്കും. തൊഴിൽസ്തംഭനം പോലുമുണ്ടാകാം. ബിസിനസ്സിൽ വലിയ തിരിച്ചടി പ്രതീക്ഷിക്കണം. സഹപ്രവർത്തകരിൽനിന്നും വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. വാഹനവുമായി ബന്ധപ്പെട്ട് വലിയ നഷ്ടം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. വിശാഖം അവസാനപാദക്കാർക്ക് പക്ഷെ, ഈ വർഷം അത്യുത്തമവും ആയിരിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. എന്നിരിക്കിലും വിശാഖം നക്ഷത്രക്കാർ മഹാലക്ഷ്മിയ്ക്ക് ശ്രീസൂക്ത മന്ത്രാർച്ചന ചെയ്ത് പ്രാർത്ഥിക്കണം.

അനിഴം:

ഈ വർഷം ഏറ്റവും ഉത്തമം ആയിരിക്കും. ധനപരമായും ആരോഗ്യപരമായും സാമൂഹികപരമായും ഏറ്റവും നല്ലൊരു വർഷമായിരിക്കും. ബന്ധുക്കളുമായുള്ള സകലവിധ തർക്കങ്ങളും അവസാനിപ്പിക്കും. ദേശത്തിനുപുറത്ത് വസ്തുവകകൾ വാങ്ങുകയോ താമസിക്കുകയോ ചെയ്യും. കുടുംബത്ത് വിദേശവുമായി ബന്ധപ്പെട്ട് സന്തോഷവാർത്ത കേൾക്കും. വിദേശയാത്രയ്ക്കും തടസ്സം നീങ്ങും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമായിരിക്കും. വസ്തുവകകൾ വാങ്ങാനോ, ഗൃഹനിർമ്മാണത്തിനോ അനുകൂലമായ കാലം. വാഹനയോഗവും അനുഭവത്തിൽ വരുന്നതാണ്. ഇഷ്ടവിവാഹം, സത്സന്താന ലാഭം എന്നിവയും ഫലത്തിൽ വരും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. 2020 ഇവർക്ക് പൊതുവെ ഭാഗ്യദായകമായിരിക്കും.

തൃക്കേട്ട:

കഴിഞ്ഞ കുറെ കാലങ്ങളായി അനുഭവിച്ചുവന്ന രോഗവും ദുരിതവും സാമ്പത്തിക-കുടുംബ പ്രശ്നങ്ങളും അവസാനിക്കും. കുടുംബത്ത് സന്തോഷവും സമാധാനവും സംജാതമാകും. ധനം കൂടുതലായി വന്നുതുടങ്ങും. അനാവശ്യമായ സംസാരം വളരെയധികം ദോഷങ്ങൾ വരുത്തിവെക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ വർഷമാകുന്നു. താമസസ്‌ഥലം മാറാൻ ശ്രമിക്കുന്നവർക്ക് സാധിക്കുന്നതാണ്.കുടുംബത്തെ മുതിർന്നവർക്ക് രോഗാദിക്ലേശങ്ങൾക്ക് സാദ്ധ്യത. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷവാർത്ത. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശുഭവാർത്ത. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. 2020 ഇവർക്ക് പൊതുവെ അനുകൂലമായിരിക്കും.

മൂലം:

മോശം ഫലങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ധനപരമായ തടസ്സങ്ങൾക്ക് എന്തൊക്കെയായാലും ശരി, സർവ്വേശ്വരൻ ഒരു വഴി തെളിച്ചുതരികതന്നെ ചെയ്യും. ആയതിനായി ശാസ്താവിനെ നിത്യവും ഭജിക്കണം. ആരോഗ്യം മോശമാകുന്ന സ്‌ഥിതിയുണ്ടാകും. ഉറക്കക്കുറവും അത്യധികമായ മാനസിക സംഘർഷവും ദോഷമുണ്ടാക്കും. കുടുംബാംഗങ്ങളുടെ സാമ്പത്തിക പരാധീനത കണ്ട് വിഷമിക്കേണ്ടതായിവരും. വാഹനങ്ങളിൽനിന്നും തിരിച്ചടി നേരിടേണ്ടതായിവരും. അപകടവും ധനനഷ്ടവും സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഓരോ പ്രാവശ്യവും വാഹനമെടുക്കുമ്പോൾ പ്രാർത്ഥിക്കാൻ മറക്കരുത്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കാലം അനുകൂലമല്ല. എന്നാൽ വർഷത്തിന്റെ അവസാനമാസം അനുകൂലമായ സ്‌ഥിതിയുണ്ടാകും. 2020 ഇവർക്ക് പൊതുവെ മോശമായിരിക്കും. ദോഷപരിഹാരമായി ഗണപതിയുടെ വിവിധ മന്ത്രജപങ്ങൾ ഉത്തമം ആയിരിക്കും. മന്ത്രങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കാവുന്നതാണ്: https://uthara.in/manthram/

പൂരാടം:

പൊതുവെ മോശമായിരിക്കും. തൊഴിൽ നഷ്ടവും ധനനഷ്ടവും സംഭവിക്കാവുന്ന കാലമാകയാൽ പ്രത്യേകം സൂക്ഷിക്കണം. അപകടവും ആശുപത്രിവാസവും സംഭവിക്കും. മൂത്രസംബന്ധമായ രോഗങ്ങൾക്കും സാദ്ധ്യത കൂടുതലാകുന്നു. വഴക്കുകളെല്ലാം എതിരായി  ഭവിക്കും.  കാരണം, കാലം മോശമാണല്ലോ. കൂട്ടുകാരുമായുള്ള സൽക്കാരം ആപത്തുണ്ടാക്കും. വാഹനസംബന്ധമായി ദോഷമുണ്ടാകുമെന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നിരിക്കിലും നിർമ്മാണപ്രവർത്തനങ്ങൾ മുന്നേറും. ധനപരമായി നട്ടംതിരിയുന്ന അവസ്‌ഥയുണ്ടാകും. എന്നാൽ സന്താനങ്ങളുടെ കാര്യത്തിൽ മനഃസമാധാനമുണ്ടാകും. ദാമ്പത്യസുഖക്കുറവ് അനുഭവത്തിൽ വരുന്നതാണ്. വിദ്യാർത്ഥികൾ പ്രത്യേക പ്രാർത്ഥനയും വഴിപാടുകളും ചെയ്യേണ്ടതാകുന്നു. 2020 ഇവർക്ക് പൊതുവെ മോശമായിരിക്കും. ദോഷപരിഹാരമായി മഹാലക്ഷ്മിയ്ക്ക് ശ്രീസൂക്തമന്ത്രാർച്ചന, മഹാവിഷ്ണുവിന് ഭാഗ്യസൂക്താർച്ചന എന്നിവ ചെയ്ത് പ്രാർത്ഥിക്കണം.

ഉത്രാടം:

ചെയ്തുവരുന്ന സംരഭങ്ങൾ വിജയിച്ചുകയറും. എന്നാൽ പുതിയതായി ആരംഭിക്കുന്നവ നഷ്ടത്തിൽ പ്രവർത്തിപ്പിക്കേണ്ടിവരും. ധനപരമായ ചെലവുകൾ കൂടും. കോടതി, ജയിൽ എന്നിവയുമായി ബന്ധപ്പെട്ട് വിജയമുണ്ടാകും. എങ്കിലും എവിടെയും കാലതാമസം അനുഭവത്തിൽ വരുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് കാലം പുതുവെ അനുകൂലം. വിദേശയാത്രാതടസ്സങ്ങളും നീങ്ങുന്നതാണ്. കുട്ടികളുമായി അധികമായി ഇടപഴകാൻ ആരെയും അനുവദിക്കരുത്. യാത്രയിൽ മറ്റുള്ളവരുമായി തർക്കത്തിന് നിൽക്കരുത്. ചെയ്യുന്ന തൊഴിൽ വിജയിപ്പിച്ചെടുക്കാൻ അത്യധികമായ കഷ്ടപ്പാടുകൾ  വേണ്ടിവരും. എങ്കിലും വിജയിക്കുകതന്നെ ചെയ്യും. ഇവർക്ക് 2020 ഗുണദോഷസമ്മിശ്രമായി അനുഭവപ്പെടും. ദോഷപരിഹാരമായി ശിവക്ഷേത്രത്തിൽ ശൈവമാലാ മന്ത്രാർച്ചന നൽകി പ്രാർത്ഥിക്കാവുന്നതാണ്. ഈ മന്ത്രം പരിചയമില്ലാത്ത വിശ്വാസികളോ കർമ്മികളോ ഉണ്ടെങ്കിൽ ഉത്തരായുടെ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും: https://uthara.in/manthram/

തിരുവോണം:

ഗുണദോഷസമ്മിശ്രമായിരിക്കും. ഗൃഹനിർമ്മാണം പോലുള്ളവയ്ക്ക് കാലം അനുകൂലമാണ്. എന്നിരിക്കിലും സാമ്പത്തികപ്രയാസം രൂക്ഷമാകും. അകന്നിരുന്ന ബന്ധുക്കളുമായി രമ്യതയിലാകും. തൊഴിൽ സ്‌ഥലത്ത്‌ അനുകൂല തീരുമാനം. തൊഴിൽ സ്‌ഥിരപ്പെടാനുള്ള സാദ്ധ്യതകളുമുണ്ട്. കുടുംബത്ത് അസ്വാരസ്യങ്ങൾ സംജാതമാകും. ഊഹക്കച്ചവടം ഈ വർഷം ഫലപ്രദമാകില്ല. ആകയാൽ അതുവഴിയും വലിയ സാമ്പത്തിക ഞെരുക്കമുണ്ടാകും. നിരവധി ആളുകളുമായി സാമ്പത്തിക ഇടപാടുകൾ നടത്തേണ്ടതായി വരും. ദാമ്പത്യപരമായി സന്തോഷപ്രദമായ കാലവുമായിരിക്കും. വാഹനം കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. വിദ്യാവിജയവും സന്തോഷവും സംജാതമാകും. ഇവർക്ക് 2020 ഗുണദോഷപ്രദമായിരിക്കും. മഹാവിഷ്ണുപ്രീതിയും ശാസ്താപ്രീതിയും ഉത്തമം ആയിരിക്കും.

അവിട്ടം:

നാനാവിധ തൊഴിലുകളിൽനിന്നും ധനലാഭമുണ്ടാകും. പരീക്ഷകളിൽ മികച്ച വിജയം. പുതിയ തൊഴിൽ ലഭിക്കാനും യോഗമുണ്ട്. വിദേശവുമായി ബന്ധപ്പെട്ട് സന്തോഷവാർത്ത. പുതിയ കൂട്ടുസംരംഭങ്ങൾ ദോഷപ്രദമാകാൻ ന്യായം കാണുന്നു. അകന്നുനിന്ന ബന്ധുക്കളുമായി രമ്യതയിലാകും. വിദ്യാർത്ഥികൾക്ക് കാലം പൊതുവെ അനുകൂലം. കുടുംബപരമായി ലഭിക്കേണ്ടതായ ഷെയറുകൾ ലഭ്യമാകും. വീട്ടിലും തൊഴിൽസ്‌ഥലത്തും സന്തോഷം നടമാടും. പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. എവിടെയും സാന്നിദ്ധ്യമറിയിക്കും. അവിട്ടം-3,4
 പാദക്കാർക്ക്  ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. പൊതുവെ സന്തോഷപ്രദമായ വർഷമായിരിക്കും, 2020.

ചതയം:

ധനപരമായി പൊതുവെ കാലം അനുകൂലമായിരിക്കും. എന്നിരിക്കിലും മാതൃസ്‌ഥാനീയർക്കും സഹോദരസ്‌ഥാനീയർക്കും സ്‌ഥിതി പരിതാപകരമായിരിക്കും. തൊഴിലുകളിൽ നിന്നും കൃത്യമായി പണം ലഭിക്കുന്നതാണ്. കുടുംബത്ത് മംഗളകർമ്മങ്ങൾ നടക്കുന്നതിനും കാലം അനുകൂലമാകുന്നു. മുടങ്ങിക്കിടന്ന തൊഴിൽ സംരംഭം വീണ്ടും പുതുജീവൻ നൽകി വിജയിപ്പിച്ചെടുക്കും. കുടുംബസുഖം കുറയും. സഹോദരങ്ങളെ സഹായിച്ചില്ലെങ്കിൽ പിന്നെ പഴിയും അപവാദവും കേൾക്കേണ്ടതായിവരും. വിദേശവുമായി ബന്ധപ്പെട്ട് സന്തോഷവാർത്തകൾ കേൾക്കുന്നതാണ്. നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ലഭിക്കും. വിദ്യാർത്ഥികൾക്കും കാലം പൊതുവെ അനുകൂലമാകുന്നു. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. ഇവർക്ക്  2020 പൊതുവെ ഗുണപ്രദമാണ്.

പൂരുരുട്ടാതി:

ഇഷ്ടവിവാഹം, പഠനത്തിൽ ഉന്നതവിജയം, കുടുംബത്ത് സന്തോഷം, പുതിയ തൊഴിലിൽ ഉന്നതസ്‌ഥാനം, പുതിയ സംരംഭം, വസ്തുവാങ്ങൽ, ഭവനനിർമ്മാണം എന്നിവയ്ക്കൊക്കെ കാലം അനുകൂലമായിരിക്കും. എന്നാൽ രാഷ്ട്രീയക്കാർക്ക് കാലം പൊതുവെ അനുകൂലമായിരിക്കില്ല. ജീവിതപങ്കാളിയുമായി സൗന്ദര്യപ്പിണക്കങ്ങൾ ദീർഘിപ്പിക്കുന്നത് നല്ലതായിരിക്കില്ല. തൊഴിൽപരമായി കാലം നല്ലതായിരിക്കും. എന്നാൽ ശത്രുക്കളെ കൂടെ നിർത്താൻ പരിശീലിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് സന്തോഷം ജനിപ്പിക്കുന്ന വിജയമുണ്ടാകും. വിദേശയാത്രാതടസ്സങ്ങൾ നീങ്ങും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. 2020 പൊതുവെ ഗുണപ്രദമായിരിക്കും.

ഉതൃട്ടാതി:

മികച്ച പരീഷാവിജയം, നറുക്കെടുപ്പുകളിൽ മഹാഭാഗ്യം, എന്നാൽ തൊഴിൽ പരീക്ഷണങ്ങളിൽ ഭാഗ്യം ലഭിക്കുന്നത് ശ്രീധർമ്മശാസ്താവിന്റെ അനുഗ്രഹം കൊണ്ട് മാത്രമായിരിക്കും. വിദേശയാത്രാഭാഗ്യം, അദ്ധ്യാപരുടെ ലാളന, ലളിതകലകളിൽ വിജയം, സമ്പാദ്യം, ആരോഗ്യം എന്നിവയാൽ അനുഗ്രഹിക്കപ്പെടും. പുതിയ പദ്ധതികൾ ആരംഭിക്കുന്നതാണ്. എന്നാൽ തൊഴിൽ വിജയത്തിനായി ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് രാജഗോപാലമന്ത്രം സ്‌ഥിരമായി ജപിക്കണം. മന്ത്രങ്ങൾക്ക് ഉത്തരായുടെ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും: https://uthara.in/manthram/

രേവതി:

പലവിധമായ ലാഭങ്ങളിലൂടെ ധനം ലഭിക്കുന്നതുമാണ്. സകുടുംബമായി യാത്രകൾ നടത്തും. വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം എന്നിവ പോലുള്ള മംഗളകർമ്മങ്ങൾക്ക് യോഗം. വിദേശവുമായി ബന്ധപ്പെട്ട് സന്തോഷവാർത്തകൾ കേൾക്കും. വിദ്യാർത്ഥികൾക്ക് കാലം പൊതുവെ അനുകൂലമായിരിക്കും. ഉന്നതപഠനവും വിജയവും അനുഭവത്തിൽ വരുന്നതാണ്. എവിടെയും ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കുന്നതായി തോന്നും. തൊഴിൽപരമായ കാര്യങ്ങളിൽ പലവിധമായ തടസ്സങ്ങൾ സംഭവിച്ചാലും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടുപോകുന്ന സ്ഥിതിയുണ്ടാകുന്നതിന് ശബരിമല അയ്യപ്പനെ ധ്യാനിക്കുകതന്നെ ചെയ്യണം. വർഷാവസാനം ഇവർക്ക് രാജയോഗങ്ങൾ ലഭിക്കുന്നതായിരിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാകും. 2020 ഇവർക്ക് പൊതുവെ അനുകൂലമായിരിക്കും.

2020 എല്ലാ വിശ്വാസികൾക്കും അനുകൂലമാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം.

Share this :
× Consult: Anil Velichappadan