സൂര്യഗ്രഹണമോ അഗ്നിമാരുതയോഗമോ അല്ല കൊറോണയ്ക്ക് കാരണം

Share this :

കഴിഞ്ഞ സൂര്യഗ്രഹണമാണോ കൊറോണയുടെ കാരണം?

ഒരിക്കലുമല്ല. അതൊക്കെ ചില ജ്യോതിഷികളുടെ ഊഹാപോഹങ്ങൾ മാത്രമാണ്.

ചില ജ്യോതിഷികൾ പറയുന്നതുപോലെ 2019 ഡിസംബർ 26 ലെ സൂര്യഗ്രഹണത്തോടെയൊന്നുമല്ല കൊറോണ വൈറസ് ആദ്യമായി വന്നത്. അതിനും ഒരുമാസം മുമ്പ് അതായത് 2019 നവംബർ 17 ന് ഈ രോഗവുമായി ഒരു 58 വയസ്സുകാരൻ ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ ആശുപത്രിയിൽ എത്തിയിരുന്നു (അവലംബം ഇന്ത്യൻ ഹെറാൾഡ്). അപ്പോൾ സൂര്യഗ്രഹണമല്ല കൊറോണയുടെ ആരംഭമെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ 1937ൽ കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് യാഥാർത്ഥ്യം.

വ്യാഴഗ്രഹം ഏകദേശം ഒരുവർഷംകൊണ്ട് ഒരു രാശി മാറുന്ന രീതിയാണ് പൊതുവെ ഉണ്ടാകുന്നത്. എന്നാൽ വ്യാഴഗ്രഹത്തിന് വേഗതകൂടി (അതിചാരം), ഒരു മലയാള വർഷംകൊണ്ട് രണ്ട് രാശികളോ മറ്റ് ചിലപ്പോൾ മൂന്ന് രാശികളോ മാറുകയും ചെയ്യും. ഇങ്ങനെ മാറുന്ന വ്യാഴം വേഗത കുറഞ്ഞ്, പിന്നിലേക്ക് സഞ്ചരിച്ച് (വക്രം) വീണ്ടും പഴയ രാശിയിൽ എത്താറുമുണ്ട്. എന്നാൽ ഇങ്ങനെ ഒരു മലയാളവർഷത്തിൽ മൂന്ന് രാശികൾ മാറുന്നത് ദോഷപ്രദമാണെന്ന് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്.

പ്രമാണം:

ഏകേസ്മിൻ വത്സരേ ജീവേ രാശി ത്രയമുപാഗതേ ഭവേൽ

വസുന്ധരാ (അ)കീർണ്ണാകുണപൈ: സപ്തകോടിഭി:

(മൂന്ന് രാശികളിലായി ഒരു വർഷം വ്യാഴം സഞ്ചരിച്ചാൽ വസുന്ധരായോഗമുണ്ടായി ഏഴുകോടി ജനങ്ങൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിക്കും)

അങ്ങനെ വ്യാഴം വൃശ്ചികം രാശിയിൽനിന്നും 1195 തുലാം 19 പുലർച്ചെ (05-11-2019) ധനുരാശിയിലേക്കും 1195 മീനം 17 അതിപുലർച്ചെ (30-3-2020)  മകരം രാശിയിലേക്കും 1195 മിഥുനം 16 പുലർച്ചെ (30-06-2020) വീണ്ടും ധനുരാശിയിലേക്കും പിന്നെ 1196 വൃശ്ചികം 05 (20-11-2020) ന് മകരം രാശിയിലേക്ക് വീണ്ടും മാറുകയും ചെയ്യും (ഇതാണ് യഥാർത്ഥ വ്യാഴപ്പകർച്ച). അപ്പോൾ ഒരു മലയാളവർഷത്തിൽ വൃശ്ചികം, ധനു, മകരം എന്നീ മൂന്ന് രാശികളിലൂടെ വ്യാഴം സഞ്ചരിക്കുന്നുണ്ട്. ഇതാണ് ദോഷപ്രദമെന്ന് ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്നത്.

അഗ്നിമാരുതയോഗമാണോ കൊറോണ കൊണ്ടുവന്നത്?

അല്ലേയല്ല. എന്നാൽ ശനിയും ചൊവ്വയും ഒന്നിച്ചുചേരുന്ന ‘അഗ്നിമാരുതയോഗം’ കൊണ്ടാണ് കൊറോണയും അതുമൂലമുള്ള ദോഷങ്ങളും മാനവരാശിയ്ക്ക് സംഭവിക്കുന്നതെന്ന് പറയുന്ന ചില ജ്യോതിഷികളുമുണ്ട്. അതും തെറ്റാണ്. കാരണം, ഈ പറയുന്ന അഗ്നിമാരുതയോഗം സംഭവിക്കുന്നത് 22-03-2020  മദ്ധ്യാഹ്‌നശേഷം മുതലാണ്. ഈ പ്രാവശ്യം ചൊവ്വ അതിന്റെ ഏറ്റവും ഗുണം ചെയ്യുന്ന ഉച്ചരാശിയിലും, ശനി അതിന്റെ ബലമുള്ള സ്വക്ഷേത്രത്തിലും ആകയാൽ ഈ ദോഷവും മാനവരാശിയ്ക്ക് സംഭവിക്കുകയില്ല. ശനി കാറ്റും, ചൊവ്വ തീയും ജ്യോതിഷപ്രകാരം പ്രതിനിധാനം ചെയ്യുന്നതിനാൽ ഈ പ്രാവശ്യത്തെ അഗ്നിമാരുതയോഗത്താൽ തീ ഊതിക്കെടുത്തി മാനവരാശിയ്ക്ക് ഗുണം പ്രദാനം ചെയ്യുന്നതായി അനുഭവത്തിൽ വരുന്നതായിരിക്കും.

വ്യാഴത്തിന്റെ വേഗക്കൂടുതൽ (അതിചാരം) എങ്ങനെ ബാധിക്കും?

കൃത്യമായ വേഗതയിൽ എല്ലാ വശങ്ങളിലേക്കും കൃത്യമായ ഊർജ്ജം, കിരണങ്ങൾ, തരംഗങ്ങൾ എന്നിവ നൽകി കടന്നുപോകുന്ന ഒരു ട്രെയിൻ ഉണ്ടെന്ന് വിചാരിക്കുക. എന്നാൽ ഒരു ദിവസം അത് വളരെ വേഗത്തിൽ കടന്നുപോയാൽ ഇവയൊന്നും കൃത്യമായി ലഭിക്കാത്ത അവസ്‌ഥയുണ്ടാകില്ലേ? അതുപോലെയാണ് വ്യാഴത്തിന്റെ അതിചാരവും.

വ്യാഴം ഇനി എപ്പോൾ ബലവാനാകും?

2020 മെയ് 14 രാത്രി 8.03 മുതൽ വ്യാഴം വക്രഗതിയിലെ ബലവാനായി മാറും. അപ്പോൾ മുതൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവും ലഭിച്ചുതുടങ്ങും.

ശ്രദ്ധിക്കുക – പ്രളയസമയങ്ങളിൽ ഈ പറയുന്ന ഗ്രഹസ്‌ഥിതികളൊന്നും അല്ലായിരുന്നു. എന്നിട്ടും ഒരു പ്രത്യേക സ്‌ഥലങ്ങളിലെ ജനങ്ങൾ മാത്രം കഷ്ടതകൾ അനുഭവിച്ചു. എന്നാൽ ഇന്ന് ലോകം പൂർണ്ണമായും കഷ്ടതയും മരണഭയവും അനുഭവിക്കുന്നു. ഇവയ്ക്ക് കാരണം വ്യാഴം, ശനിയുമായി അടുത്തുവരുന്നതിന്റെയും വ്യാഴത്തിന്റെ അതിചാരവും തന്നെയാണെന്ന് വിശ്വസിക്കേണ്ടിവരും.

നൊസ്ട്രദാമസ് പറഞ്ഞത് ഇതാണോ?

‘ഒരുപോലെയുള്ള വർഷങ്ങൾ (അതായത്, ട്വിൻ-ഇയർ) വരുന്ന ഒരു കാലത്ത് ഇതുപോലുള്ള വൈറസ് വരുമെന്ന്’ പറഞ്ഞെങ്കിൽ 2020 മാത്രമാണോ ട്വിൻ-ഇയർ? അദ്ദേഹം പറഞ്ഞെന്ന് വിശ്വസിക്കുന്ന 1550 ന്‌ ശേഷം 1616, 1717, 1818, 1919, 2020 എന്ന എത്രയോ ട്വിൻ-ഇയറുകൾ കടന്നുപോയി? അപ്പോൾ എന്തുകൊണ്ടാണ് 2020 മാത്രം സൗകര്യപൂർവ്വം തെരഞ്ഞെടുത്തത്? ആ ട്വിൻ-ഇയറുകളിൽ വ്യാഴത്തിന് അതിചാരം സംഭവിച്ചിട്ടില്ല എന്നത് ഒരു വിസ്മയം തന്നെയാണ്. എന്നാൽ 1919 – 1920 കാലത്ത് ‘സ്പാനിഷ് ഫ്ലൂ’ മഹാമാരിയായി സംഭവിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നുണ്ട്. ഓർത്തിരിക്കേണ്ടതായ ഒരു കാര്യം ഇവിടെയുണ്ട്. അതെന്തെന്നാൽ വ്യാഴവും ശനിയും വളരെ അടുത്തായിരുന്നു എന്ന പ്രത്യേകത 1919 ലും ഈ 2020 ലും ഉണ്ടെന്നുള്ളതാണ് പരമാർത്ഥം.

ശനി നിൽക്കുന്ന രാശിയിലേക്ക് വ്യാഴം പ്രവേശിക്കുന്ന കാലത്തോട് അടുപ്പിച്ചാണ് ഈ മഹാരോഗങ്ങൾ ലോകത്ത് പടർന്നുപിടിക്കുന്നതെന്ന പ്രത്യേകതയും ഇവിടെ എടുത്തുപറയേണ്ടതുണ്ട്.

1720 ലെ പ്ളേഗ് കാലഘട്ടത്തിലും 1820 ലെ കോളറ കാലഘട്ടത്തിലും 1920 ലെ സ്പാനിഷ് ഫ്ലു കാലഘട്ടത്തിലും 2020 ലെ കൊറോണ വൈറസ് കാലഘട്ടത്തിലും വ്യാഴശനി ഗ്രഹങ്ങൾ ഒന്നിച്ചോ അല്ലെങ്കിൽ തൊട്ടടുത്ത രാശികളിലോ ആണെന്നതാണ് ഏറെ വിസ്മയകരമായി ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് മനസ്സിലാക്കാൻ സാധിച്ചത്. വ്യാഴം, ശനിഗ്രഹത്തോട് അടുത്തുവരുന്ന കാലങ്ങളിലാണ് ഇതുപോലുള്ള രോഗങ്ങളാലുള്ള മഹാമാരികൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നത്. അതിചാരവും സ്ഥിതി കൂടുതൽ വഷളാക്കുന്നു.

അങ്ങനെയെങ്കിൽ 2038 – 2039 കാലഘട്ടത്തിലും ഈ സ്ഥിതിയുണ്ടാകാൻ സാദ്ധ്യത കൂടുതലാകുന്നു. അല്ലെങ്കിൽ ഓരോ 18 – 19 വർഷങ്ങളിലും ഇതുപോലുള്ള ഗ്രഹസ്‌ഥിതിയുണ്ടാകുമ്പോൾ ഓരോ രാജ്യവും ജനങ്ങളും അതീവ ശ്രദ്ധ പാലിക്കേണ്ടതുമായിരിക്കും.

ദൈവവിചാരം, സഹാനുഭൂതി, പ്രാർത്ഥന, എക്സർസൈസ്, ആരോഗ്യപരിപാലനം, നിയമം അനുസരിക്കൽ ഇവയൊക്കെയാണ് സ്വയം വികസിപ്പിച്ചെടുക്കാവുന്ന ഏറ്റവും നല്ല പരിഹാരമാർഗ്ഗങ്ങൾ.

ക്ഷേത്രവും പള്ളികളും മതമേലദ്ധ്യക്ഷന്മാരും:

ഇവരിൽ ആരാണ് മേലധികാരി?

ഇവർ ആരുമല്ല. ക്ഷേത്രത്തിലെ സുപ്രീംഅതോറിറ്റി തന്ത്രിയാണെങ്കിൽ, അതുക്കുംമേലെ സംസ്‌ഥാന-കേന്ദ്ര ഭരണാധികാരികളാണെന്ന് ഇപ്പോൾ എല്ലാർക്കും മനസ്സിലായി. ഇനിയും ഈയൊരു അനുഭവത്തെ ആരും ചോദ്യം ചെയ്യാതിരുന്നാൽ മതി.

കഴിഞ്ഞ സുനാമിയുടെ അവസ്‌ഥ കാണാനും ജനങ്ങളെ ആശ്വസിപ്പിക്കാനും തന്റെ സ്വന്തം ബെൻസ് കാറിൽ ചെന്നൈ മറീനാബീച്ചിൽ വന്നിറങ്ങിയ ശ്രീ ശ്രീ രവിശങ്കറിനോട് ആരോ വന്നുപറഞ്ഞു, “ഒരു സുനാമി കൂടി ഇപ്പോൾ വരുമെന്ന്”. അദ്ദേഹം ഓടിച്ചെന്ന് കാറിൽ കയറി വേഗം രക്ഷപ്പെട്ടെന്ന വാർത്ത പത്രത്തിൽ വായിച്ചത് ഇപ്പോഴും വിഷമത്തോടെയാണ് ഓർത്തെടുക്കുന്നത്. മിക്കപ്പോഴും വിദേശത്ത് കഴിയുന്നത് “ഇവിടെയുള്ള പാവം മക്കളുടെ സങ്കടം അമ്മയ്ക്ക് കാണാൻ പറ്റാത്തതുകൊണ്ടാണ്…” എന്ന് ഒരു ജന്മദിനത്തിൽ അമ്മ മൈക്കിലൂടെ പ്രസംഗിച്ചത് ഇപ്പോഴും എന്റെ കാതുകളിൽ ആശ്ചര്യത്തോടെ മുഴങ്ങുന്നുണ്ട്.  

പ്രകൃതി ദുരന്തങ്ങളിൽ, യുദ്ധങ്ങളിൽ മതമേലദ്ധ്യക്ഷന്മാർക്കും തന്ത്രിയ്ക്കും ഇമാമിനും അച്ചനും യാതൊന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും എല്ലാം ചെയ്യാൻ കഴിയുന്നത് ഭരണാധികാരിയ്ക്ക് മാത്രമാണെന്നും ഈ കൊറോണയും അടിവരയിട്ട് തെളിയിച്ചിരിക്കുന്നു.

കോടികളുടെ ആരാധനാലയങ്ങൾ മത്സരബുദ്ധിയോടെ കെട്ടിപ്പൊക്കുമ്പോൾ വിശ്വാസിയുടെ കയ്യിലെ പണം എങ്ങനെ അവിടെയെത്തിക്കാം എന്നതുമാത്രമാണ് അവരുടെയെല്ലാം ചിന്ത. എന്നാൽ ഇന്ന്, വീട്ടിലിരുന്ന് പോക്കറ്റിലെ പണം കളയാതെ എങ്ങനെ ദൈവത്തെ വിളിക്കാമെന്ന് എല്ലാരും പഠിച്ചിരിക്കുന്നു. ഇതൊക്കെ പഠിപ്പിച്ചെടുക്കാൻ ഓരോ നൂറ് വർഷത്തിലും ഇതുപോലുള്ള മഹാമാരി ഇങ്ങനെ വന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് പരമസത്യം.

എന്നാണ് കൊറോണയിൽ നിന്നും മോചനം?

30-03-2020 മുതൽ ലോകത്തിന് ആശ്വാസമാകും. 14-05-2020 മുതൽ പൂർവ്വസ്‌ഥിതിയെത്തും. 20-11-2020 മുതൽ എല്ലാം ശുഭപ്രദമാകും.

ക്ഷേത്രങ്ങളിലെ കൂട്ട പ്രാർത്ഥനയും സൂര്യ-വ്യാഴ-ശനിഗ്രഹ ശാന്തിഹോമം, മന്ത്രജപം, മറ്റ് മതക്കാർക്ക് ഇവിടെ എഴുതിയ ഗ്രഹങ്ങളുടെ ദോഷങ്ങൾ കുറയ്ക്കാനുള്ള പ്രത്യേക പ്രാർത്ഥന എന്നിവയൊക്കെയാണ് ഇപ്പോൾ ചെയ്യാനുള്ളത്. ശാസ്ത്രലോകം അവരുടെ വഴിയിലൂടെ പുത്തൻ മരുന്നുകളുടെ വികാസം നടത്താനുള്ള ശക്തിപകരാനും നമ്മുടെ പ്രാർത്ഥനയ്ക്ക് കഴിയും.

ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”

അനിൽ വെളിച്ചപ്പാടൻ

Share this :
× Consult: Anil Velichappadan